അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ കർമയോഗി ലാസർ ഗ്രൂപ്പിന്റെയും നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെയും പ്രിയപ്പെട്ട സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന്റെ വിയോഗത്തിൽ വിദ്യാഭ്യാസസമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. എഞ്ചിനീയറും സംരംഭകനും വിദ്യാഭ്യാസപ്രവർത്തകനും സർവോപരി മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹം, യു.എ.ഇ.യുടെ വടക്കൻ എമിറേറ്റുകളിലെ വിദ്യാഭ്യാസചരിത്രത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ വ്യക്തിത്വമായിരുന്നു. 1968 ഏപ്രിൽ 8. സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം കൈമുതലാക്കി പൂനെയിൽനിന്നുള്ള ഒരു യുവ എഞ്ചിനീയർ ജീവിതത്തിലെ ഏറ്റവും നിർണായകമായ യാത്രയ്ക്കു തുടക്കം കുറിച്ചു.ടാറ്റ കമ്പനിയിലെ സുരക്ഷിതമായ ഉദ്യോഗം ഉപേക്ഷിച്ച്, ഗുജറാത്തിൽനിന്ന് ഒരു ചെറുബോട്ടിൽ അറബിക്കടലിന്റെ അനിശ്ചിതത്വങ്ങളിലേക്ക് അദ്ദേഹം യാത്ര തിരിച്ചു. കടലിന്റെ പ്രക്ഷുബ്ധതയും യാത്രയുടെ കഠിനതകളും അതിജീവിച്ച് പത്തുദിവസങ്ങൾക്കുശേഷം അദ്ദേഹം ഖോർഫക്കാന്റെ തീരത്തെത്തി.
അന്ന് ആ യുവാവിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നത് ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സും ജീവിതത്തിൽ എന്തെങ്കിലും അർഥവത്തായി നേടിയെടുക്കണമെന്ന അതിയായ ആഗ്രഹവുമായിരുന്നു. കാലം കാത്തുവച്ചിരുന്നത് ഒരു വ്യക്തിയുടെ വിജയകഥ മാത്രമായിരുന്നില്ല; ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ഭാവിക്ക് വെളിച്ചമേകുന്ന ഒരു വിദ്യാഭ്യാസപ്രസ്ഥാനത്തിന്റെ പിറവിയായിരുന്നു.
യു.എ.ഇയിലെത്തിയശേഷം വൈദ്യുതിമേഖലയിൽ ജോലിയിൽ പ്രവേശിച്ച ശ്രീ. ഡാനിയൽ ലാസർ, സത്യസന്ധതയും അച്ചടക്കവും അർപ്പണബോധവും കൊണ്ട് സഹപ്രവർത്തകരുടെയും സമൂഹത്തിന്റെയും ആദരവ് നേടി. എന്നാൽ ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങൾ അദ്ദേഹത്തിന്റെസ്വപ്നങ്ങളുടെ അവസാനമായിരുന്നില്ല. വരുംതലമുറകൾക്കായി നിലനിൽക്കുന്ന, സമൂഹത്തിന് നന്മ പകരുന്ന ഒരു സംരംഭം സൃഷ്ടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ആ സ്വപ്നമാണ് ലാസർ ഗ്രൂപ്പായും പിന്നീട് നോർത്ത് പോഎജ്യുക്കേഷൻ എന്ന വിദ്യാഭ്യാസപ്രസ്ഥാനമായും വളർന്നത്. മൂല്യബോധവും അറിവും മനുഷ്യത്വവും അടിത്തറയാക്കിയ ഈ പ്രസ്ഥാനം ഇന്ന് അജ്മാനിലെ ദി റോയൽ അക്കാദമി, ദി ബ്ലൂമിങ്ടൺ അക്കാദമി, ഷാർജയിലെ ദി ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ എന്നീ മൂന്ന് വിദ്യാലയങ്ങളിലൂടെ അനേകം കുടുംബങ്ങളുടെ പ്രതീക്ഷയായി നിലകൊള്ളുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സമ്പന്നർക്കുമാത്രമുള്ള പ്രത്യേകാവകാശമാകരുത്; ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കണം എന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രേരകശക്തി.
വിദ്യാഭ്യാസമെന്നത് പരീക്ഷകളിലെ ഉയർന്ന മാർക്കുകളിലോ സർട്ടിഫിക്കറ്റുകളിലോ ഒതുങ്ങുന്നതല്ലെന്നദ്ദേഹം വിശ്വസിച്ചു. അറിവിനൊപ്പം നല്ല സ്വഭാവവും മൂല്യബോധവും ആത്മവിശ്വാസവും കരുണയും വളർത്തുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് അദ്ദേഹം കരുതി.
അദ്ദേഹം പലപ്പോഴും ഹൃദയപൂർവം പറയുമായിരുന്നു:
“കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് എനിക്ക് സന്തോഷം നൽകുന്നു. അവർ വളർന്ന് ജീവിതത്തിൽ വിജയികളായിക്കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലം.”
ആ വാക്കുകൾ കേവലം ഒരു വിദ്യാഭ്യാസസ്ഥാപകന്റെ അഭിപ്രായമായിരുന്നില്ല; ഒരു തലമുറയുടെ വളർച്ചയിൽ സ്വന്തം ജീവിതത്തിന്റെ സാഫല്യം കണ്ടെത്തിയ മനുഷ്യസ്നേഹിയുടെ ഹൃദയസ്വരമായിരുന്നു.
തനിക്ക് അവസരങ്ങളുടെ വാതിൽ തുറന്നുകൊടുത്ത യു.എ.ഇയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കൃതജ്ഞതയും ജീവിതാവസാനംവരെ അചഞ്ചലമായിരുന്നു. സ്വപ്നങ്ങളുമായി കടന്നുവന്ന നാട് അദ്ദേഹത്തിന്റെ സ്വന്തം വീടായി മാറി. ആ മണ്ണിനോടുള്ള കടപ്പാട് അദ്ദേഹം തിരിച്ചുനൽകിയത് അവിടുത്തെ സമൂഹത്തിനും വരുംതലമുറകൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകർന്നുകൊണ്ടായിരുന്നു.
യുവതലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ സന്ദേശവും ലളിതവും അതേസമയം ജീവിതഗന്ധിയുമായിരുന്നു:
“നിങ്ങളുടെ സ്വപ്നങ്ങളെ ആവേശത്തോടെ പിന്തുടരുക. സത്യസന്ധതയോടെയും അർപ്പണബോധത്തോടെയും അധ്വാനിക്കുക. വിജയം നിങ്ങളെ തേടിയെത്തും.”
ഇന്ന് ശ്രീ. ഡാനിയൽ ലാസർ ഭൗതികമായി നമ്മോടൊപ്പമില്ല. എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ദീർഘവീക്ഷണവും വിദ്യാഭ്യാസത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാലത്തെ അതിജീവിച്ച് നിലനിൽക്കും. അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങളിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഓരോ കുഞ്ഞിലും, ജീവിതലക്ഷ്യം കണ്ടെത്തുന്ന ഓരോ വിദ്യാർഥിയിലും, സമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഓരോ അധ്യാപകനിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തുടർന്നും ജീവിക്കും.
അദ്ദേഹത്തിന്റെ കുടുംബപൈതൃകം മകൻ ശ്രീ. ലാൻസൺ ലാസറിലൂടെയും മകൾ കുമാരി ലിൻസി ലാസറിലൂടെയും തുടരുന്നു. നോർത്ത് പോയിന്റെ എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചെയർമാനായ ശ്രീ. ലാൻസൺ ലാസർ, പിതാവിന്റെ വിദ്യാഭ്യാസദർശനവും സത്യസന്ധതയും സേവനമനോഭാവവും അതേ ആത്മാർഥതയോടെ മുന്നോട്ടുകൊണ്ടുപോകുന്നു.
ഒരിക്കൽ പ്രതീക്ഷകളുമായി യു.എ.ഇയുടെ തീരത്തെത്തിയ യുവാവിന്റെസ്വപ്നം ഇന്ന് അനേകായിരം ജീവിതങ്ങൾക്ക് ദിശാബോധം നൽകുന്ന മഹത്തായ പൈതൃകമായി മാറിയിരിക്കുന്നു.
ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ഒരു മഹത്തായ പൈതൃകം
ശ്രീ. ഡാനിയൽ ലാസറിന്റെ വിയോഗവാർത്തയെത്തുടർന്ന് നോർത്ത് പോയിന്റ് എജ്യുക്കേഷൻ കുടുംബത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹൃദയസ്പർശിയായ അനുസ്മരണങ്ങൾ ഒഴുകിയെത്തി.
ദി റോയൽ അക്കാദമിയുടെ പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധർ അദ്ദേഹത്തെ ഒരു സ്ഥാപനത്തിന്റെസ്ഥാപകനെന്നതിലുപരി, വിദ്യാലയത്തോടുള്ള അളവറ്റ സ്നേഹം ഒരിക്കലും മറക്കാനാവാത്ത പിതൃതുല്യനായ വ്യക്തിത്വമായി അനുസ്മരിച്ചു.
ദി റോയൽ അക്കാദമിയിലെ മുതിർന്ന അധ്യാപികയായ ശ്രീമതി കൃപലത, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ വിദ്യാഭ്യാസദർശനം അറിവിലൂടെയും മൂല്യങ്ങളിലൂടെയും തലമുറകളെ രൂപപ്പെടുത്തുന്നത് നേരിൽ കണ്ട അനുഭവങ്ങൾ ഓർത്തെടുത്തു.
ശ്രീമതി അസ്മാ ഹോസ്നി, അദ്ദേഹത്തിന്റെ നയതന്ത്രപാടവവും സത്യസന്ധതയും വിശ്വസ്തതയും മനുഷ്യത്വവും സ്മരിച്ചുകൊണ്ട്, നോർത്ത് പോയിന്റെഎജ്യുക്കേഷൻ കുടുംബത്തിലേക്ക് തന്നെ സ്നേഹപൂർവ്വം സ്വീകരിച്ച നിമിഷങ്ങളെ അനുസ്മരിച്ചു.
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പ്രിൻസിപ്പൽ ശ്രീമതി ഹുസൈന ബീഗം നൂർ ഷെരീഫ്, എണ്ണമറ്റ കുട്ടികൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസാവസരങ്ങളുടെ വാതിൽ തുറന്ന ദീർഘദർശിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ദി ഹോപ്പ് ഇംഗ്ലീഷ് സ്കൂളിന്റെ പ്രിൻസിപ്പൽ ഡോ. ടെറി ബർവെൽ, അദ്ദേഹത്തിന്റെ പൈതൃകം സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും അതിരുകൾക്കപ്പുറം വ്യാപിക്കുന്നതാണെന്ന് ഓർമിപ്പിച്ചു.
ദി യെല്ലോ ബസ് ടീമിലെ അംഗങ്ങൾ, എല്ലാവരോടും ഒരേ ആദരവും ആത്മാർഥമായ കരുതലും പുലർത്തിയ വിനയാന്വിതനും കരുണാമയനുമായ നേതാവായാണ് അദ്ദേഹത്തെ ഓർത്തത്. വ്യക്തിപരമായ പ്രതിസന്ധികളിൽ പോലും ഒപ്പം നിന്നു പ്രോത്സാഹനവും സ്നേഹവും അചഞ്ചലമായ പിന്തുണയും നൽകിയ പിതൃതുല്യനായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ആർ.ജി.എം.സി. അംഗങ്ങൾ അനുസ്മരിച്ചു.
ഈ സ്മരണകളെല്ലാം ഒരേ സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്:
ശ്രീ. ഡാനിയൽ ലാസർ പടുത്തുയർത്തിയത് വിദ്യാലയങ്ങൾ മാത്രമായിരുന്നില്ല, മനുഷ്യഹൃദയങ്ങളിലെ വിശ്വാസവും പ്രതീക്ഷയും കൂടിയായിരുന്നു.
സേവനത്തിന്റെയും കാരുണ്യത്തന്റെയും വിദ്യാഭ്യാസമികവിന്റെയും അദ്ദേഹം തെളിച്ച ദീപം വരുംതലമുറകളുടെ വഴികളിൽ ഇനിയും പ്രകാശിച്ചുകൊണ്ടിരിക്കും.