അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ബ്ലോഗിംഗും നടത്തുന്ന കണ്ണൂർ മട്ടന്നൂർ ആറളം സ്വദേശിനിയായ ഇന്‍ഫ്‌ളുവന്‍സര്‍ ഹഫീസയുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂര്‍ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന ഹഫീസയുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള ഹഫീസയുടെ ദൃശ്യങ്ങള്‍ "അവൾ മസാജിന് ലഭ്യമാണ്", "വരുന്നവർക്ക് നല്ല റിലാക്‌സ് ആകും" എന്നിങ്ങനെ മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള കുറിപ്പുകളോടൊപ്പമാണ് പ്രചരിപ്പിച്ചിരുന്നത്. തുടര്‍ന്ന്, നിയമനടപടികൾക്കായി ഹഫീസ പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഉയർന്ന ലീഗൽ ഫീസ് ആവശ്യപ്പെട്ടത് അവർക്ക് തടസ്സമായി. ശേഷം, അവർ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത അദ്ദേഹം, ഈ നിയമ പോരാട്ടം സൗജന്യമായി ഏറ്റെടുത്തു. അജ്മാൻ പ്രോസിക്യൂഷൻ മുഖേന അജ്മാൻ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്നുണ്ടായ അന്വേഷണത്തിൽ പോലീസ് എതിർകക്ഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.