ബോക്സ് ഓഫീസില്‍ കത്തിക്കയറി ഉലക നായകന്‍ കമല്‍ ഹാസന്റെ വിക്രം. റിലീസ് ചെയ്ത സ്ഥലങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ചിത്രം കുതിക്കുന്നത്. കമല്‍ ഹാസന് വലിയ ആരാധകരുള്ള കേരളത്തിലും വിക്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.
കേരളത്തില്‍ റിലീസ് ചെയ്യുന്ന എക്കാലത്തെയും വലിയ തമിഴ് ഹിറ്റായി വിക്രം മാറുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത ജൂണ്‍ 3 വെള്ളിയാഴ്ച 5.02 കോടിയും ശനി, ഞായര്‍ ദിവസങ്ങളിലായി 10 കോടി രൂപയിലധികവും ചിത്രം സ്വന്തമാക്കി. ആദ്യ അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 22.89 കോടി രൂപയാണ് വിക്രം നേടിയത്.
ആദ്യത്തെ 9 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം വിക്രം 28.5 കോടി രൂപയാണ് വാരിയത്. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.