വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായ 19 (1) (a) 29ന് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് സേതുപതി എത്തുന്നത്.
ഇന്ദ്രജിത്, നിത്യ മേനൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.
വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‍ത മാര്‍ക്കോണി മത്തായി ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തിൽ വിജയ് സേതുപതി അതിഥി താരമായിരുന്നു.