കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക് തുടക്കമിടാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും എം ജി എമ്മും.'വിദ്യാമൃതം 2' എന്നാണ് പദ്ധതിയുടെ പേര്. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുക്കുന്നത്.
പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാകും. എഞ്ചിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്സുകൾ, വിവിധ ആർട്സ്, കോമെഴ്സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ - ബിരുദാനന്തര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ വിപുലമാകുന്ന പദ്ധതി, കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും.