മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മേജറിന്റെ (Major) ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും.
ശശികിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തിയത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. ചിത്രത്തിന്റെ തിരക്കഥയും അദിവിയുടേതാണ്. ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിച്ചത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിന്റെ നേര്ക്കാഴ്ചയുമായെത്തുന്ന മേജര്‍, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു.