സീതരാമം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ തിളങ്ങാനൊരുങ്ങി ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ചുപ്' സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും.റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ആർ ബാൽകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ഒരു സൈക്കോ പാത്ത് മൂഡിലുള്ള ത്രില്ലെർ ചിത്രമാകും ഇതെന്നാണ് മോഷൻ പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. ദുൽഖറിനെയും സണ്ണി ഡിയോളിനെയും പോസ്റ്ററിൽ കാണാം. കസേരയിൽ കെട്ടിയിട്ടിരിക്കുന്ന ഒരു യുവതിയും പോസ്റ്ററിലുണ്ട്. ദുൽഖർ ഒരു ഗാനം പാടുകയും ഒടുവിൽ ചുപ് എന്ന് അലറുന്നതായും പോസ്റ്ററിൽ ഉണ്ട്.രാകേഷ് ജുൻജുൻവാല, അനിൽ നായിഡു, ഡോ. ജയന്തിലാൽ ഗഡ (പെൻ സ്റ്റുഡിയോസ്), ഗൗരി ഷിൻഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.