അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി എത്തുമെന്ന് റിപ്പോര്‍ട്ട്. 'പുഷ്പ 2: ദി റൂള്‍' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തില്‍ ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രമായി സേതുപതി വേഷമിടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ അല്ലു അര്‍ജുന്‍ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായിരിക്കുകയാണ്
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ വിജയ് സേതുപതി അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സേതുപതിയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഡേറ്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് പുഷ്പയില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതി പുഷ്പ 2ന്റെ ഭാഗമാകാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്ത ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തിനൊപ്പം വിജയ് സേതുപതിയുടെ കഥാപാത്രവും ചേര്‍ന്ന് പുഷ്പയ്ക്ക് എതിരെ ഒന്നിക്കുമെന്നാണ് സൂചന. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് വിവരം.
6 മാസത്തോളം നീണ്ടുനില്‍ക്കുന്ന വലിയ ഷെഡ്യൂളിലാണ് പുഷ്പ 2ല്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിക്കഴിഞ്ഞെന്നാണ് സൂചന. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ആക്ഷന്‍ രംഗങ്ങളാണ് പുഷ്പ 2ല്‍ തയ്യാറാകുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.